Sunday 6 April, 2008

പുതു ബ്ലോഗറും ചില സംശയങ്ങളും

ഹായ് ... അണ്ണാ എന്തൊക്കെയാണ് വിശേഷങ്ങള് ?

ഹാ.... നീയോ എന്തു വിശേഷമെടെ ഇങ്ങനൊക്കെ കഴിഞ്ഞു കൂടുന്നു.....നീ എന്തെടുക്കുന്നു.

ഞാനിപ്പ ഗള്‍ഫിലല്ലെ അണ്ണാ.... ഒരു കാട്ടറബീടെ കമ്പനീല്‍ ഐ റ്റി ഡിവിഷനിലാ.....

അണ്ണന്‍ ബ്ലോഗ് ഒക്കെ തുടങ്ങീന്നറിഞ്ഞു... സത്യാണോ.നിങ്ങളെപ്പഴാ സാഹിത്യകാരനായത് ?

ഹി ഹി ..ഞാനിതുവരെ തുടങ്ങിയില്ലെടെ ഒടനെ തൊടങ്ങണം . പിന്നെ ബ്ലോഗ് തുടങ്ങാന്‍ സാഹിത്യകാരനാകണമെന്ന് നിന്നോടരാടാ പറഞ്ഞേ?

അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനോം പിന്നെ വരമൊഴിയൊ മോഴിയോ വച്ച് മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവുമുണ്ടേല്‍ നിനക്കുമൊരു മലയാളം ബ്ലോഗറാകാം.

നീയുമൊരു ബ്ലോഗറാകടെ... നിനക്കതിനുള്ള സെറ്റപ്പുണ്ട് .ഗള്‍ഫില്‍ ജോലി ഒപ്പം ഐറ്റി ഡിവിഷനിലും, ഇതിക്കൂടുതലിനി എന്തുവേണം? ചുമ്മാ ഒരു ബ്ലോഗ് പടച്ചു വിടടേ.....

നിനക്കൊള്ള കന്നിക്കമന്റ് ഞാനിടാം...

നിനക്കു കവിത എഴുതാനറിയാമൊ... എങ്കി കവിത എഴുത്. ഇപ്പ നല്ല ഡിമാന്റാ കവിതക്ക്...കൂടെ രണ്ടു മൂന്ന് പടങ്ങളും കൊടുക്ക് ആരെങ്കിലും എടുത്തതൊ വരച്ചതൊ എന്തേലും..
പിന്നെ തൂലികാനാമം കണ്ടാല്‍ ഒരു സ്ത്രീ ആണെന്നു തോന്നിയാല്‍ അത്രയും നന്ന് , നിന്റെ കമന്റു കൂട്ടാന്‍ അതു സഹായിക്കും.പോസ്റ്റിട്ട് നേരം വെളുക്കുമ്പോഴെക്കും കമന്റ് വന്ന് നെറയും.

എന്താണ്ണാ ഈ പറയുന്നത് .. വെല്ലവനും എടുത്ത ഫോട്ടൊയും വരച്ച പടവും ഒക്കെ ഇടുന്നത് മോശമല്ലെ അണ്ണാ‍??


ഏയ് എന്തര് മോശം.. ഇതിലും മോശപ്പെട്ട കാര്യങ്ങള്‍ ഓരൊരുത്തര്‍ ചെയ്യുന്നു പിന്നാ..

അല്ലണ്ണാ ഈ ബ്ലോഗ് പോലീസ് പറയില്ലെ ഇതു മോട്ടിച്ച പടമാണ് , കോപ്പിറൈറ്റുള്ള പടമാണ് എന്നൊക്കെ ? അതുപിന്നെ പുലിവാലാവില്ലെ?

ഡേയ് നിനക്ക് നല്ല തെറി പറഞ്ഞ് ശീലമില്ലേ? ഇല്ലെന്ന് മാത്രം പറയരുത് നീയും ഈ നാട്ടില്‍ തന്നാണല്ലൊ ജനിച്ചു വളര്‍ന്നത്.


ബ്ലൊഗിലെക്ക് എറങ്ങും മുമ്പ് നല്ല നല്ല തെറികള്‍ പഠിക്കുന്നത് നല്ലതാ..നിനക്കത് ഗുണം ചെയ്യും. പിന്നെ ഇപ്പൊ നിലവിലുള്ള കണ്‍വെന്‍ഷണല്‍ തെറികളൊന്നും പോര.. പുതിയ ട്രെന്‍ഡിനനുസരിച്ച് വേണം.. ഇലെങ്കില്‍ നീ ഈ ബ്ലോഗ് മെഖലയില്‍ പിടിച്ച് നിക്കാന്‍ പാടുപെടും..

പിന്നെ മോട്ടിച്ച പടമാണെന്നൊ ,കോപ്പിറൈറ്റുള്ളത് ചോദിക്കാതെടുത്തുപയോഗിച്ചെന്നൊ മറ്റൊ പറഞ്ഞ് ആരേലും പ്രശ്നമൊണ്ടാക്കാ‍ന്‍ വന്നാല്‍ അവനെ കണ്ണുംപൂട്ടി തെറി വിളിച്ചേക്കുക..നല്ലോണം ആക്ഷേപിക്കുക.. അപ്പൊ അവന്മാരുടെയൊക്കെ അസുഖം മാറിക്കിട്ടും..

അതെന്ത് മറ്റേടത്തെ പണിയാ അണ്ണാ .. ഒള്ള കാര്യം തോറന്നു പറയുന്നോനെ കേറി തെറിവിളിക്കുന്നത്..

ഹ ഹ കണ്ടോ കണ്ടൊ .. നീ മെച്ചപ്പെടുന്നുണ്ട്....
നീ അതൊന്നും കാര്യമാ‍ക്കണ്ടാ..തെറിവിളിക്കാന്‍ തൊടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആരാ എന്താ ,ന്യായമാണൊ അന്യായമാണൊ അവരു പറയുന്നത് എന്നൊന്നും നോക്കണ്ടാ.. അടച്ചാക്ഷേപിച്ചേക്കുക...അതന്നെ കാര്യം..
നീ പിടിച്ച മൊയലിന്റെ കൊമ്പിന്റെണ്ണം നീയല്ലെ നിശ്ചയിക്കുന്നത്..


ഓ അങ്ങനൊക്കെയൊണ്ടല്ലെ.. ഇതൊക്കെ പുതിയ അറിവാ..... അതൊക്കെ അവിടെ നിക്കട്ട് ,ഇനി ബൂലോകത്ത് മുന്നോട്ട് വിജയിയായി നീങ്ങാന്‍ എന്തൊക്കെ ചെയ്യണം അണ്ണാ.

ആദ്യമെ തന്നെ ബൂലോകത്ത് കുറെ സുഹൃത്തുക്കളെ ഒപ്പിച്ചാ മതി . കമന്റിട്ട് കമന്റ് വാരാം ... അതറിയില്ലെ?

അതായത് ഒരു ബാര്‍ട്ടര്‍ സമ്പ്രദായം എന്നു വേണേല്‍പ്പറയാം...!!!

കണ്ണിക്കണ്ട കവിതക്കൊക്കെപ്പോയി കമന്റിട് ... നല്ല വരികള് ,നല്ല ആഴം എന്നൊക്കെ ചാമ്പിക്കോ.

പഠിക്കുന്ന കാലത്തുപോലും ഒരു കവിത നേരെ ചൊവ്വെ വായിച്ചിട്ടില്ലാത്ത ഞാന്‍ കവിത വായിക്കാനൊ?

മൊത്തം കവിത വായിച്ചു നോക്കാന്‍ ആരു പറഞ്ഞു.... ആദ്യത്തെ രണ്ടു വരി അവസാനത്തെ രണ്ടു വരി , പിന്നെ ഇതുവരെ വന്നിട്ടുള്ള കമന്റുകള്‍ ആകെമൊത്തമൊന്നു ഓടിച്ച് വായിച്ചുനോക്കിയേര് ,അപ്പോഴേക്കും നിന്റെ മനസില്‍ ഒരു തകര്‍പ്പന്‍ കമന്റ് ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടാവും..അതങ്ങട് തട്ടിയേക്കുക..

ബെര്‍ദെ കെടക്കട്ട് മ്വാനേ നിനക്കെന്തൂട്ടാ നഷ്ടം?

പിന്നെ നിനക്കിഷ്ടപ്പെട്ട മേഘലകളിലേക്ക് തിരിയെടേ... മത തീവ്രവാദം, കുത്തിത്തിരിപ്പ്, വിമര്‍ശ്ശനം ,ന്യൂനപക്ഷ അവഹേളനം ഇതൊക്കെ ഇപ്പൊ നല്ല ഡിമാന്റുള്ള സംഭവങ്ങളാ.

നോക്കട്ടണ്ണാ.. ലീവുകഴിഞ്ഞ് തിരിച്ച് ചെന്നിട്ട് വേണം ഒരലക്കലക്കാന്‍... നിങ്ങക്ക് റൊമ്പ നന്‍ട്രി അണ്ണാ നന്‍ട്രി..

ബ്ലോഗനാര്‍ക്കാവിലമ്മയെ വിളിച്ച് ഐശ്വര്യമായിട്ട് തൊടങ്ങിക്കൊ മകനേ....

ഞാനും ഇതുവരെ എന്റെ കന്നി ബ്ലോഗിട്ടിട്ടില്ല .നീയുമായുള്ള ഈ കൂടിക്കാഴ്ച്ചയാവട്ടെ എന്റെ കന്നി ബ്ലോഗ്...അപ്പ ശരി വീണ്ടും കാണാം...

.....................................................................................
ഹൊ അങ്ങനെ ഞാനും ഒരു ബ്ലോഗ് തട്ടിക്കൂട്ടി .

ഒരു ജോലികിട്ടീട്ടു വേണം ലീവെടുക്കാന്‍ എന്നു പറയുന്നപോലെ ഒരു ബ്ലോഗെഴുതീട്ടുവേണം ഇടവേളയെടുക്കാന്‍ എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അപ്പൊ ഇനി ബ്ലോഗിങ്ങിന് ഒരു ഇടവേള. അതാണല്ലൊ ഇപ്പോളത്തെ ട്രെന്റ്.

പക്ഷെ... ഒരു നാണോമില്ലാതെ എപ്പവേണേലും ഞാന്‍ തിരിച്ചു വരാം ......
അപ്പ ശരി നന്ദി ,നമസ്കാരം....